പഠനം കഴിഞ്ഞാല്‍ ജോലി, ജോലി കിട്ടിയാല്‍ വിവാഹം, വിവാഹം കഴിഞ്ഞാല്‍ പിന്നെ ഉടനൊരു കുഞ്ഞ്.. ഇതാണല്ലോ നാട്ടുനടപ്പ്. ഇവിടെ പ്രായമൊന്നും ആരും വകവെക്കാറില്ല. വിവാഹം കഴിക്കുന്നതിന് നിയമപരമായി ഒരു പ്രായമൊക്കെ നിലവിലുണ്ടെങ്കിലും അതും കാര്യമായൊന്നും പാലിക്കപ്പെടാറില്ല. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാകുന്ന കാര്യത്തിലും പ്രായമൊന്നും ആരും മുഖവിലക്കെടുക്കാറില്ല. പക്ഷേ അത് വേണമെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് ഏറ്റവും ഉചിതമായ, സുരക്ഷിതമായ ഒരു പ്രായം ഉണ്ടത്രേ.
ഹംഗറിയിലെ ബുഡപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അമ്മയാകുന്നതിന് ഏറ്റവും മികച്ച പ്രായം കണ്ടെത്തിയിരിക്കുന്നത്. 23 വയസ്സിനും 32 വയസ്സിനും ഇടയിലുള്ള പ്രായമാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് ഏറ്റവും സുരക്ഷിതമെന്ന് ഇവര്‍ പറയുന്നു. ഈ പ്രായത്തിലുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഉള്ള തകരാറുകള്‍ കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമ്മയുടെ പ്രായവും ജനിതകമല്ലാത്ത, ജന്മനായുള്ള തകരാറുകളും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് ഒരു അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
22 വയസ്സില്‍ താഴെയുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകപരമല്ലാത്ത തകരാറുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത 20 ശതമാനവും 32 വയസ്സിന് മുകളിലുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അത്തരം തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത 15 ശതമാനവും അധികമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജനിതകപരമല്ലാത്ത കാരണങ്ങളാല്‍ സങ്കീര്‍ണ്ണമായ 31,128 പ്രസവങ്ങളാണ് ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയത്. പ്രായം കുറഞ്ഞ അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളില്‍ പ്രധാനമായും കേന്ദ്ര നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രായം കൂടിയ, പ്രത്യേകിച്ച് 40 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികളില്‍ പ്രധാനമായും ജന്മനാ കഴുത്തിനും ശിരസ്സിനും ചെവികള്‍ക്കും കണ്ണിനുമുള്ള പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post