പാലക്കാട്: പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിനുള്ളിൽ യാത്രക്കാർക്ക് തലവേദനയായി എലി. കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാർക്കിടയിലൂടെയാണ് എലി ഓടി നടന്നത്. ബസിനുള്ളിൽ കൂടി ഓടി നടന്ന എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ബസ് തൃശൂർ ഡിപ്പോയിൽ എത്തിച്ചതിന് ശേഷം പരിശോധിച്ചപ്പോഴും എലിയെ കണ്ടെത്താനായില്ല.
ഇതോടെ ബോഡിയുടെ ഉൾഭാഗം പൊളിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് ബസ് തിരികെ പാലക്കാട്ടേക്ക് എത്തിച്ച ശേഷം പരിശോധനയ്ക്കായി മാറ്റി. യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയതിന് ശേഷമാണ് സർവ്വീസ് തുടർന്നത്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം എലികളുടെ കേന്ദ്രമായി മാറിയെന്ന് നേരത്തെ മുതൽ വ്യാപകമായ രീതിയിൽ പരാതി ഉയർന്നിരുന്നു.
ഇവിടെ ജോലി ചെയ്യുന്ന പലർക്കും എലികളുടെ കടിയേൽക്കുന്ന സാഹചര്യവും ഉണ്ടായി. ഗാരേജിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ ബസുകളുടെ വയറിംഗുകളും എയർ ഹോസുകളും എലികൾ കടിച്ചു നശിപ്പിക്കുന്നതായും ജീവനക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്.
Discussion about this post