ധാക്ക : മിർപൂരിൽ നടന്ന ആവേശകരമായ ട്വെന്റി20 മത്സരത്തിൽ ബംഗ്ലാദേശിനെ തറ പറ്റിച്ച് ഇന്ത്യ. എട്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. കുറഞ്ഞ ടോട്ടലായിട്ടും വർദ്ധിത വീര്യത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ബംഗ്ലാദേശിനെ കീഴടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 റൺസെടുത്ത ഷഫാലി വർമ്മയാണ് ടോപ്‌സ്കോറർ. സ്മൃതി മന്ഥാന 13 റൺസും ദീപ്തി ശർമ്മ 10 റൺസും അമൻ ജ്യോത് കൗർ 14 റൺസും നേടി. 3 വിക്കറ്റ് നേടിയ സുൽത്താന ഖാട്ടുൻ ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.
96 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. രണ്ടാം ഓവറിൽ കേരളത്തിന്റെ മിന്നുമണിയാണ് ബംഗ്ലാദേശിനെ ഞെട്ടിച്ചത്. തന്റെ രണ്ടാം പന്തിൽ ഷമിമ സുൽത്താനയെ മിന്നു ഷഫാലി വർമ്മയുടെ കൈകളിൽ എത്തിച്ചു. തുടർന്ന് റണ്ണെടുക്കാൻ അനുവദിക്കാതെ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു കെട്ടിയതോടെ വിക്കറ്റുകളും തുരുതുരാ വീണു. ക്യാപ്ടൻ നിഗർ സുൽത്താന നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് പത്തൊൻപതാം ഓവറിൽ ദീപ്തി ശർമ്മ അവസാനം കുറിച്ചതോടെ ബംഗ്ലാദേശിന്റെ വിധി നിർണയിക്കപ്പെട്ടു.
അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് വെറും ഒരു റൺ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഇരുപതാം ഓവറിലെ ആദ്യ പന്തിൽ തന്നെ റബേയ ഖാൻ റണ്ണൗട്ടായി. രണ്ടാം പന്തിൽ നാഹിദ അക്തർ ലോംഗ് ഓണിൽ ഡിയോളിന്റെ കൈകളിൽ ഒതുങ്ങി. നാലാം പന്തിൽ ഫഹിമ ഖാട്ടുനും അവസാന പന്തിൽ മറുഫ അക്തറും ഷഫാലിക്ക് മുന്നിൽ വീണതോടെ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു. 38 റൺസെടുത്ത നിഗർ സുൽത്താനയാണ് ടോപ് സ്കോറർ.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മയും ഷഫാലിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മിന്നു മണി നാലോവറിൽ വെരും ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഒരു ഓവർ മെയ്ഡനുമായിരുന്നു. ദീപ്തി ശർമ്മയാണ് പ്ലെയർ ഓഫ് ദ മാച്ച്. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരം വ്യാഴാഴ്ച്ച നടക്കും.
Discussion about this post