കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റിയ കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സജിൽ, മുഖ്യസൂത്രധാരനായിരുന്ന മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതിയായ നജീബ് എന്നിവർക്കാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകരപ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഒൻപതാം പ്രതിയായ നാഷൗദ്, പതിനൊന്നാം പ്രതിയായ മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതിയായ അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു.
രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയും കോടതി വിധിച്ചു. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച കോടതി പോപ്പുലർ ഫ്രണ്ട് ഭീകരരായ ആറ് പേർ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. 5 പേരെ വെറുതെ വിടുകയും ചെയ്തു.നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി വിധിച്ചത്.
2010 മാർച്ച് 23 നാണ് തൊടുപുഴ ന്യൂമൻ കോളേജിലെ അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് ഭീകകർ വെട്ടിയത്. ചോദ്യപേപ്പറിൽ നബിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ മതനിന്ദയുണ്ടെന്നായിരുന്നു ആരോപണം. കൃത്യത്തിന് വിദേശത്ത് നിന്ന് അടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
കേസിലെ ഒന്നാം പ്രതി പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.












