തിരുപ്പതി: കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയും കുടുംബവും തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ ഏറെ പ്രസിദ്ധമായ തോമല പൂജയിലും അദ്ദേഹം പങ്കെടുത്തു. വിശ്വരൂപ ദർശനത്തിന് ശേഷമാണ് തിരുമല ക്ഷേത്രത്തിൽ തോമല സേവ നടത്തുന്നത്.
ഔദ്യോഗിക പരിപാടികൾക്കായിട്ടാണ് കേന്ദ്രമന്ത്രി ആന്ധ്രയിലെത്തിയത്. ഇതിനിടയിലായിരുന്നു ക്ഷേത്ര ദർശനം. പദ്മാവതി അമ്മാവാരി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. തിരുമല തിരുപ്പതി ദേവസ്വം ബോർഡ് ഭാരവാഹികൾ പ്രത്യേക ഉപഹാരം നൽകിയാണ് കേന്ദ്രമന്ത്രിയെ യാത്രയാക്കിയത്.
ക്ഷേത്ര ദർശനത്തിന് പിന്നാലെ മൂന്ന് ദേശീയപാതാ പദ്ധതികൾക്ക് അദ്ദേഹം തിരുപ്പതിയിൽ തറക്കല്ലിട്ടു. തിരുപ്പതി എംപി മദ്ദില ഗുരുമൂർത്തിയും എംഎൽഎമാരും അടക്കമുളളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ദേശീയപാതയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുളള രാജ്യവ്യാപക ക്യാമ്പെയ്‌ന് ബുധനാഴ്ച ഗഡ്ക്കരി തുടക്കം കുറിച്ചിരുന്നു. റെനിഗുണ്ട മണ്ഡലത്തിലെ കോതപാലേമിൽ മരം നട്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. ചിറ്റൂരിൽ സത്സംഗ് ഫൗണ്ടേഷന്റെ സ്വാസ്ഥ്യ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പാരിസ്ഥിതിക സുസ്ഥിര വികസനം ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിത ഇന്ത്യ മിഷൻ ദേശീയ പാതകളിലേക്കും രൂപാന്തരപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓർമ്മ പെടുത്തി. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ അതിജീവിക്കുന്നതിനായി പരിസ്ഥിയുടെ ആന്തരഘടനയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ദേശീയ പാതകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നത് രാജ്യത്തെ സമഗ്രമായ പുരോഗതിക്ക് മുതൽകൂട്ടാണെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post