ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്തെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.35 നാണ് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടക്കുക. ഇന്നലെ 2.35 ന് കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റാണ് ചാന്ദ്രയാൻ മൂന്നുമായി ബഹിരാകാശത്തേക്ക് കുതിക്കുക. രണ്ടാം ലോഞ്ച് പാഡിൽ നിന്നാകും വിക്ഷേപണം. ഇതുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ന് വിക്ഷേപിക്കുന്ന ചാന്ദ്രയാൻ മൂന്ന് അടുത്ത മാസം 23 നോ 24 നോ ആണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഇത് വിജയകരമായാൽ രാജ്യത്തിന് നിർണായക നേട്ടം ആകും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചാന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ആകും നടത്തുക. ലാൻഡിംഗ് വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം കൂടിയാകും ചാന്ദ്രയാൻ മൂന്ന്.
ചാന്ദ്രയാൻ രണ്ടിൽ നിന്നും വലിയ മാറ്റം ഇല്ലാതെയാണ് ചാന്ദ്രയാൻ മൂന്നിന്റെ നിർമ്മാണം. ചാന്ദ്രയാന്റെ രണ്ടാം ദൗത്യത്തിൽ ഉപയോഗിച്ച അതേ മാതൃകയിലുള്ള ലാൻഡറും റോവറുമാണ് ഈ ദൗത്യത്തിലും ഉപയോഗിക്കുന്നത്.
Discussion about this post