വാഷിംഗ്ടൺ: ലോകത്തെ താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ അവസാന പത്തിൽ പാകിസ്താൻ നഗരമായ കറാച്ചിയും. 173 നഗരങ്ങളുടെ പട്ടികയിൽ 169 ാം സ്ഥാനത്താണ് കറാച്ചി. ദി എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റിപ്പോർട്ടിലാണ് പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ നഗരങ്ങളിലൊന്നായി കണക്കാക്കിയിരിക്കുന്നത്. സിറിയയിലെ ഡമാസ്‌കസ്, ലിബിയയിലെ ട്രിപ്പോളി, നൈജീരിയയിലെ ലാഗോസ് എന്നിവയാണ് റാങ്കിംഗിൽ ഏറ്റവും മോശമായ നഗരങ്ങൾ.
സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് വിഭാഗങ്ങളിലായി 30-ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. 1 മുതൽ 100 വരെയാണ് ഓരോ ഘടകത്തിനും നൽകുന്ന മാർക്ക്.
37.5 സ്‌കോർ മാത്രമാണ് കറാച്ചിയ്ക്ക് ശരാശരിയായി നേടാനായത്. ആരോഗ്യ സംരക്ഷണത്തിന് 33, സംസ്‌കാരത്തിനും പരിസ്ഥിതിക്കും 35, വിദ്യാഭ്യാസത്തിന് 66, അടിസ്ഥാന സൗകര്യങ്ങൾക്ക് 51 എന്നിങ്ങനെയാണ് നഗരത്തിന് സ്‌കോർ ലഭിച്ചത്.
താമസയോഗ്യമായ നഗര സൂചികയിൽ കറാച്ചി മോശം പ്രകടനം നടത്തുന്നത് ഇതാദ്യമല്ല. 2021-ൽ 140 നഗരങ്ങളിൽ 134-ാം സ്ഥാനവും 2019-ൽ 140-ൽ 136-ാം സ്ഥാനവുമായിരുന്നു.
പാകിസ്താനിൽ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ഉച്ഛസ്ഥായിൽ നിൽക്കുന്ന സമയത്താണ് റിപ്പോർട്ട്. ഭരണകൂടം വിദേശകട ബാധ്യതകളെ അഭിമുഖീകരിക്കുമ്പോൾ, ജനങ്ങൾ പണപ്പെരുപ്പത്തോട് പൊരുതുകയാണ്. വിദേശനാണ്യ കരുതൽ ശേഖരവും താഴ്ന്ന നിലയിലാണ്. അതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഷെഹ്ബാസ് ഷെരീഫ് സർക്കാരും തമ്മിലുള്ള അധികാര വടംവലി പാകിസ്താനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂടുതൽ തള്ളിവിട്ടിരിക്കുകയാണ്.












Discussion about this post