ന്യൂഡൽഹി : യമുന നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് 23,692 പേരെ ഒഴിപ്പിച്ചു. ഡൽഹി സർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ച് 21,092 പേർ നിലവിൽ ടെന്റുകളിലും അഭയകേന്ദ്രങ്ങളിലും കഴിയുന്നുണ്ട് . ഇന്നലെ 1,022 ഓളം പേരെക്കൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തി ഡൽഹിയിൽ കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിപ്പിക്കും. നദിയിൽ ജലനിരപ്പ് കൂടി പ്രളയ സമാനമായ സാഹചര്യമായതിനാൽ ബസുകൾ, ട്രക്കുകൾ, വലിയ ചരക്കു വാഹനങ്ങൾ, എന്നിവയ്ക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
വെളളപ്പൊക്കം ഡൽഹി മെട്രോയെയും ബാധിച്ചിരുന്നു. യമുന ബാങ്ക് മെട്രോ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ.് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മെട്രോയുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കാൻ നിർദ്ദേശം നൽകി. എന്നാൽ വെളളപ്പൊക്ക ഭീഷണിയില്ലാത്ത സ്ഥലങ്ങളിൽ സർവ്വീസുകൾ ഇപ്പോഴും തുടരുന്നുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനൊപ്പം മെട്രോയുടെ പ്രവർത്തനവും താളം തെറ്റിയത് ജനങ്ങളെ ദുരിതത്തിലാക്കി.
മഴ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജാഗ്രത നിർദ്ദേശം നൽകി. മഴയെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ ജോലിക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടും വീടുകളിലിരുന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗാർഹി മെൻണ്ഡു ഗ്രാമങ്ങൾ വെളളത്തിൽ മുങ്ങുന്ന വീഡിയോ ഡൽഹി പോലീസ് പങ്കുവെച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് ചെങ്കോട്ടയിലെ പൊതുജന സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അറിയിച്ചു.
Discussion about this post