ലഖ്നൗ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഉത്തർ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം ജനങ്ങളുമായി സംസാരിച്ചു. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ അദ്ദേഹം, സഹരൺപൂരിലെ ക്യാമ്പിൽ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു.
ഹെലികോപ്ടറിൽ യാത്ര ചെയ്ത് പ്രളയക്കെടുതി വീക്ഷിച്ച യോഗി, സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ദുരന്ത പ്രതിരോധ സേനകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം പ്രത്യേക ദൗത്യ സംഘങ്ങൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
അതേസമയം ഉത്തർ പ്രദേശിൽ മിക്കയിടങ്ങളിലും ഗംഗാ നദിയിലും യമുനാ നദിയിലും വെള്ളം അപകടകരമായ നിലയിലാണ് ഇപ്പോഴും ഉള്ളത്. ലഖിംപുരിൽ ശാരദ നദിയും അപകടകരമായ അവസ്ഥയിൽ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post