വാഷിംഗ്ടൺ: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുഎസിന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ചൈനീസ് ഹാക്കർമാർ. യുഎസ് വാണിജ്യകാര്യ സെക്രട്ടറി ഗിന റെയ്്‌മോണ്ടോയുടെ ഇ മെയിലാണ് ഹാക്കർമാർ കവർന്നത്.
തന്ത്രപ്രധാന ഇ മെയിലുകൾ ഹാക്കർമാരുടെ കൈകളിലെത്തിയിട്ടില്ലെന്നാണ് വിവരം. വിദേശകാര്യ വകുപ്പിലെ സൈബർ സെക്യൂരിറ്റി വിദഗ്ധർ തുടക്കത്തിൽ തന്നെ ആക്രമണം തിരിച്ചറിഞ്ഞതായും അതുകൊണ്ടു തന്നെ കൃത്യമായി തടുക്കാൻ കഴിഞ്ഞതായും അധികൃതർ പറയുന്നു. ചൈനയുടെ കടുത്ത വിമർശകരിൽ ഒരാളാണ് റെയ്‌മോണ്ടോ. ഇവരുടെ അക്കൗണ്ട് തന്നെ തിരഞ്ഞെടുത്ത് ആക്രമണം നടത്തിയത് ആസൂത്രിതമാണെന്ന വിലയിരുത്തലാണുളളത്.
അടുത്തിടെ ചൈനയിലേക്കുളള കയറ്റുമതിക്ക് ഉൾപ്പെടെയുളള നിയന്ത്രണങ്ങൾ റെയ്‌മോണ്ടോ കടുപ്പിച്ചിരുന്നു. റഷ്യയ്ക്ക് സെമി കണ്ടക്ടർ ചിപ്പ് നൽകിയിൽ ചൈനയിലേക്കുളള ചിപ്പ് കയറ്റുമതി നിർത്തിവെയ്ക്കുമെന്ന ഭീഷണിയും റെയ്‌മോണ്ടോ നടത്തിയിരുന്നു.
ജൂണിലാണ് ആന്റണി ബ്ലിങ്കൺ ചൈനയിലെത്തിയത്. വർഷങ്ങൾക്ക് ശേഷം ചൈനയിലെത്തുന്ന യുഎസ് ഉന്നത പ്രതിനിധി എന്ന നിലയിൽ വിഷയം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ബീജിങ്ങിൽ സന്ദർശനം നടത്തിയിരുന്നു. നേരത്തെ ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം മെച്ചപ്പെടുത്താൻ ധാരണയായിരുന്നു.
Discussion about this post