കോഴിക്കോട്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് തോമസിനെതിരെ നടപടി എടുത്ത് സിപിഎം. ഒരു വർഷത്തേക്ക് ഇയാളെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കർഷകസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ്ജിനെ നീക്കം ചെയ്തിട്ടുണ്ട്.കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്നാണ് നടപടി.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണം.
മുൻ എം.എൽ.എ എന്ന നിലയിൽ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്നിരിക്കെ, ചികിത്സയ്ക്കായി ഒരു കരാർ കമ്പനിയിൽ നിന്ന് വൻതുക സഹായം കൈപ്പറ്റിയെന്നതാണ് ആക്ഷേപം. വീടുനിർമാണത്തിന് ആവശ്യമായ സാമഗ്രികൾ സർക്കാർ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള കരാറുകാരിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വീകരിച്ചതായും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച പരാതി, ഏരിയാ കമ്മറ്റി ജില്ലാ കമ്മറ്റിയ്ക്ക് കൈമാറുകയും, എന്നാൽ നടപടി എടുക്കാത്തതിനാൽ സംസ്ഥാന കമ്മറ്റിയെ സമീപിക്കുകയുമായിരുന്നു. ഇതിന് ശേഷം പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്ന തരത്തിൽ വിവാദ പരാമർശം നടത്തി പാർട്ടിയെ വെട്ടിലാക്കിയ ജോർജ് എം. തോമസിനെ സിപി.എം നേരത്തെ ശാസിച്ചിരുന്നു
Discussion about this post