ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം യുഎഇയിലേക്ക് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ അഞ്ച് മണിയോടെയായിരുന്നു അദ്ദേഹം യുഎഇയിലേക്ക് പോയത്. ഇക്കുറിയുള്ള ഫ്രാൻസ് സന്ദർശനം മറക്കാനാകാത്തത് ആണെന്ന് പുറപ്പെടും മുൻപ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഊർജ്ജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ആണ് പ്രധാന ലക്ഷ്യം. വിവിധ ധാരണാ പത്രങ്ങളിൽ ഇരു നേതാക്കളും ഒപ്പു വയ്ക്കും. പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും. അധികാരത്തിൽ ഏറിയതിന് പിന്നാലെ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്.
അതേസമയം ബാസ്റ്റിൽ ഡേ പരേഡിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ഫ്രാൻസ് സന്ദർശനം മറക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തവണത്തെ ഫ്രാൻസ് സന്ദർശനം ഒരിക്കലും മറക്കാനാകാത്തത് ആണ്. ബാലിസ്റ്റ്‌ഡേ പരേഡിൽ പങ്കെടുക്കാൻ ആയി എന്നതാണ് ഇത്തവണത്തെ സന്ദർശനത്തെ ഏറെ വിശിഷ്ടമാക്കുന്നത്. പരേഡിൽ ഇന്ത്യയ്ക്കും പങ്കെടുക്കാൻ അവസരം ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടും ഫ്രാൻസിലെ ജനങ്ങളോടും വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ സൗഹൃദം എല്ലാ കാലത്തും തുടരുമെന്നാണ് പ്രത്യാശിക്കുന്നത് എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Discussion about this post