തൃശ്ശൂർ: ചേലക്കരയിൽ സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിൽ നിന്നും ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്നിയുൾപ്പെടെയുളള മൃഗങ്ങളെ പിടികൂടാൻ തോട്ടമുടമ റോയ് സ്ഥാപിച്ച വൈദ്യുതി കെണിയിൽ അകപ്പെട്ട് ആന ചെരിയുകയായിരുന്നുവെന്നാണ് വിവരം. സംഭവം പുറത്ത് അറിയാതിരിക്കാൻ സ്ഥലത്തെ പൊട്ടക്കിണറ്റിൽ തന്നെ മറവ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പട്ടിമറ്റത്ത് ആനക്കൊമ്പുമായി അറസ്റ്റിലായ അഖിലിൽ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. കഴിഞ്ഞ മാസം 14നായിരുന്നു ആന ചരിഞ്ഞത്. തുടർന്ന് 15 ന് കുഴിച്ചിടുകയായിരുന്നു. ഇതിന് മുന്നോടിയായി ആനയുടെ കൊമ്പ് ഇവർ മുറിച്ചു മാറ്റി.
ആന ചരിഞ്ഞതോടെ കുമളിയിലും പാലായിലും ഉള്ള സൃഹൃത്തുക്കളെ ആയിരുന്നു റോയ് വിളിച്ചു വരുത്തിയത്. ഇവരുടെ സഹായത്തോടെ ജഡം പൊട്ടക്കിണറ്റിൽ തള്ളി മൂടുകയായിരുന്നു. സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നു. ഇതിൽ അറിയാവുന്ന രണ്ട് പേരുടെ പേരുകൾ അഖിൽ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം തോട്ടം ഉടമ റോയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. റോയിയെ പിടികൂടിയെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംഭവ ശേഷം റോയ് ഗോവയിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യ ജോലി ചെയ്യുന്നത് ഗോവയിൽ ആണ്.
Discussion about this post