തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയുമായി കടന്ന് കളഞ്ഞ യുവാവിനെ പിടികൂടി പോലീസ്. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് കുമാറിനെയാണ് പിടികൂടിയത്. ഇയാൾ കടത്തിക്കൊണ്ട് പോയ ചത്തീസ്ഗഡ് സ്വദേശിയായ പെൺകുട്ടിയെയും കണ്ടെത്തിയിട്ടുണ്ട്.
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇരുവരും ഇപ്പോൾ പുതുക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ആണ്. യുവാവിനെയും പെൺകുട്ടിയെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ചയാണ് ദീപക് റെയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയുമായി കടന്ന് കളഞ്ഞത്. ബുധനാഴ്ചയാണ് പെൺകുട്ടി ഇയാൾക്കൊപ്പം എത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ കണ്ടതോടെ പെൺകുട്ടിയെ ചൈൽഡ്‌ലൈൻ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയായിരുന്നു. നിരവധി തീവണ്ടികൾ വന്ന് പോയിട്ടും ഇവർ റെയിൽവേ സ്‌റ്റേഷനിൽ തന്നെ തുടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.
തുടർന്ന് ഇവരോട് പ്രവർത്തകർ കാര്യങ്ങൾ ആരാഞ്ഞു. ആദ്യം സുഹൃത്തിനെ കാണാൻ എത്തിയത് ആണെന്നായിരുന്നു യുവാവ് പറഞ്ഞത്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ ആരാഞ്ഞപ്പോൾ യുവാവിനൊപ്പം കടന്ന് കളഞ്ഞതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ വരുന്നതുവരെ ഓഫീസിൽ തന്നെ പെൺകുട്ടിയെ ഇരുത്തിയത്. എന്നാൽ ഇതിനിടെ കുപ്പി പൊട്ടിച്ച് ചൈൽഡ്‌ലൈൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ശേഷം യുവാവ് പെൺകുട്ടിയുമായി കടന്ന് കളയുകയായിരുന്നു.
Discussion about this post