തിരുവനന്തപുരം : കെഎസ്ആർടിസി ഇപ്പോൾ നന്നായില്ലെങ്കിൽ പിന്നെ ഒരിക്കലും നന്നാകില്ലെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. കെഎസ്ആർടിസിയെ നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാലാണ് സ്ഥാപനത്തെയും എംഡിയെയും തകർക്കാൻ ശ്രമിക്കുന്നത്. തന്നെ അഴിമതിക്കാകനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം തുറന്നടിച്ചു.
കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ താൻ ഉണ്ടാക്കിയതല്ല, കെഎസ്ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുളളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നീട് ഒരിക്കലും നന്നാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ്. യൂണിയനുകളല്ല, ചില ജീവനക്കാരാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. അവർ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ പോസ്റ്റർ പതിപ്പിച്ചു. എന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി ഉണ്ടായില്ല എന്നും അദ്ദേഹം ആരോപിച്ചു.
ഡീസൽ അടിച്ചാൽ മാത്രമേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാൻ സാധിക്കൂ. ഡിഡി നേരത്തെ കൊടുത്താൽ മാത്രമേ ഡീസൽ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 100 കോടിരൂപ ഡീസലിനുപോകും.
ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടി രൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്‌പെയർപാട്‌സും മറ്റു ചെലവുകളും ചേർത്ത് 25 കോടി ആവശ്യമാണ്. കോടിരൂപയാണ് പിന്നെ ബാക്കിയുള്ളത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post