ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ആദ്യം അന്വേഷിച്ചത് ഡൽഹിയിലെ പ്രളയത്തെക്കുറിച്ച്. ഫ്രാൻസ്, യുഎഇ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി ഡൽഹിയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സാക്സേനയുമായി സംസാരിച്ചു.
വ്യാഴാഴ്ചയും ഫ്രാൻസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി ലഫ്. ഗവർണറെ വിളിക്കുകയും ഡൽഹി വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കുകയും ഉണ്ടായി. പ്രളയത്തെ നേരിടാനുള്ള പ്രയത്നത്തെക്കുറിച്ചും സംസാരിച്ചിരുന്നു. കൂടാതെ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും അദ്ദേഹം ഉറപ്പു നൽകി.
“പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ നിന്ന് വിളിക്കുകയും വെള്ളപ്പൊക്കത്തെ കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു. ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകുകയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും അദ്ദേഹം ഉറപ്പു നൽകി”, സാക്സേന ട്വീറ്റ് ചെയ്തു.
207.48 മീറ്ററാണ് ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയ യമുനയിലെ ജലനിരപ്പ്. ഇന്നലെ രാത്രി 207.98 മീറ്റർ ഉണ്ടായിരുന്ന ജലനിരപ്പാണ് ഇന്ന് ഉച്ചയോടെ 207.27 മീറ്ററായി കുറഞ്ഞത്. കരകവിഞ്ഞ യമുനാ നദി അടുത്തുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിലാക്കി ചെങ്കോട്ടവരെ എത്തിയിരുന്നു. കൂടാതെ യമുന അണക്കെട്ടിലെ ഷട്ടറുകളിൽ തടസ്സമായി നിന്ന എക്കൽമണ്ണ് ഇന്ത്യൻ നാവികസേന മുങ്ങൽ വിദഗ്ധർ വൃത്തിയാക്കി.
അടുത്ത നാലഞ്ച് ദിവസങ്ങളിൽ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ അറിയിപ്പ്.
Discussion about this post