എറണാകുളം: അങ്കമാലിയിൽ ആശുപത്രിയ്ക്കുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലേറ്റത് പത്തിലധികം കുത്തുകൾ. ഇതിൽ പലതും ആഴത്തിലുള്ളതാണ്. ഇൻക്വസ്റ്റ് പരിശോധനയിലാണ് ഇത്രയും കുത്തുകൾ ശരീരത്തിലേറ്റതായി വ്യക്തമായത്. അതേസമയം കൊല്ലപ്പെട്ട തുറവൂർ സ്വദേശി ലിജിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ശരീരത്തിൽ ആകെ 12 കുത്തുകൾ ഏറ്റിട്ടുണ്ടെന്നാണ് പരിശോധനയിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഇതിൽ ഏത് പരിക്കാണ് മരണത്തിന് ഇടയാക്കിയത് എന്ന കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വ്യക്തമാകൂ. മരിക്കുന്നതുവരെ താൻ കുത്തിയെന്നാണ് പ്രതി മഹേഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു ലിജിയെ മഹേഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് കുത്തിക്കൊന്നത്. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. ഇന്നലെ ആശുപത്രിയിൽ എത്തിയ മഹേഷും ലിജിയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിന് പിന്നാലെയായിരുന്നു ലിജിയ്ക്ക് കുത്തേറ്റത്.
ലിജിയുടെ മുൻ സുഹൃത്താണ് മഹേഷ്. ഇവർ തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലെയും ഉണ്ടായിരുന്നത്. സ്‌കൂൾ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു തുടർച്ചയായി ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നത്. ലിജിയെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടുകൊണ്ടായിരുന്നു മഹേഷ് ആശുപത്രിയിൽ എത്തിയത്.
Discussion about this post