ന്യൂഡൽഹി: ഹിന്ദുസ്ഥാനി അവം മോർച്ച(എച്ച് എ എം)യെയും ലോക് ജൻശക്തി പാർട്ടിയെയും എൻഡിഎയുടെ യോഗത്തിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇതുമായി ബന്ധപ്പെട്ട് ഇരു പാർട്ടികൾക്കും കത്തയച്ചു. ഈ മാസം 18നാണ് യോഗം.
കേന്ദ്ര സർക്കാരിന്റെ 9 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് യോഗം. ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും. ജനതാദൾ വിട്ടതിന് പിന്നാലെ എച്ച് എ എം അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. നിതീഷ് കുമാർ സർക്കാരിന് നൽകിയിരുന്ന പിന്തുണ ജൂണിൽ മാഞ്ജി പിൻവലിച്ചിരുന്നു.
എൽ ജെ പി നേതാവ് ചിരാഗ് പസ്വാനാണ് ജെപി നദ്ദയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്. പാർട്ടി നേതാക്കളും പ്രവർത്തകരുമായി കൂടിയാലോചിച്ചതിന് ശേഷം യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ക്ഷണം ലഭിച്ചതിന് പിന്നാലെ ചിരാഗ് പസ്വാൻ പ്രതികരിച്ചു.
Discussion about this post