മുംബൈ: 1025ൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ആക്രമിക്കാനെത്തിയ തുർക്കി അധിനിവേശകാരൻ മുഹമ്മദ് ഗസ്നിയെ വിറപ്പിച്ച പോരാട്ടത്തിന്റെ കഥ സിനിമയാകുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആനിമേറ്റഡ് ടീസർ പുറത്തിറങ്ങി. മനീഷ് മിശ്രയും രഞ്ജിത് ശർമ്മയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അനൂപ് ഥാപ്പയാണ്. ഹിന്ദിക്ക് പുറമേ മലയാളം, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി തുടങ്ങി 12 ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ദ് ബാറ്റിൽ സ്റ്റോറി ഓഫ് സോമ്നാഥ്‘ എന്നാണ് പേരിട്ടിരിക്കുന്നത്.
ശിവഭഗവാന്റെ പ്രഥമ ജ്യോതിർലിംഗം എന്നാണ് സോമനാഥ ക്ഷേത്രം അറിയപ്പെടുന്നത്. ജ്യോതിർലിംഗങ്ങൾ ജ്വലിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡമാണ് ടീസറിൽ ആദ്യം കാണിക്കുന്നത്. ‘സത്യയുഗത്തിൽ ചന്ദ്രദേവൻ സ്വർണത്തിലും ത്രേതായുഗത്തിൽ രാവണൻ പിച്ചളയിലും ദ്വാപര യുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ തടിയിലും നിർമ്മിച്ചത്‘ എന്ന വാക്യവും ടീസറിൽ തെളിയുന്നു.
മുഹമ്മദ് ഗസ്നിയെ ആദ്യത്തെ വലിയ അധിനിവേശകാരൻ എന്നാണ് ടീസറിൽ വിശേഷിപ്പിക്കുന്നത്. മഹാദേവന്റെ പ്രഥമ ജ്യോതിർലിംഗം സംരക്ഷിക്കാൻ അൻപതിനായിരത്തിലധികം സാധാരണക്കാരായ ധീര യോദ്ധാക്കൾ സ്വമേയാ നേതൃത്വം നൽകി മുന്നിട്ടിറങ്ങിയ മഹായുദ്ധത്തിലേക്കാണ് ടീസർ പിന്നീട് വഴി തുറക്കുന്നത്. സോമനാഥ ക്ഷേത്രം പുനർ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ സർദാർ വല്ലഭ്ഭായ് പട്ടേലിനെയും പിന്നീട് ടീസറിൽ കാണിക്കുന്നു.
ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷിലും നേപ്പാളി ഭാഷയിലും ചിത്രം റിലീസ് ചെയ്യും. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ടീസർ:https://twitter.com/taran_adarsh/status/1680111788720029696
Discussion about this post