കറാച്ചി: പാകിസ്താനിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സിന്ധിൽ 24 മണിക്കൂറിനിടെ മതമൗലികവാദികൾ രണ്ട് ക്ഷേത്രങ്ങൾ തകർത്തു. കഴിഞ്ഞ ദിവസം, 150 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തതിന് പിന്നാലെ മറ്റൊരു ക്ഷേത്രം കൂടി അക്രമികൾ തകർക്കുകയായിരുന്നു.
സിന്ധിലെ കാശ്മോറയിലെ ക്ഷേത്രം റോക്കറ്റ് ഉപയോഗിച്ചാണ് അക്രമികൾ തകർത്തത്. കാശ്മോറയിൽ ഘോസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ക്ഷേത്രം തകർത്ത മതമൗലികവാദികൾ, സമീപത്തെ ഹൈന്ദവ ഭവനങ്ങൾ കൊള്ളയടിച്ചു. ക്ഷേത്രത്തിനും വീടുകൾക്കും നേരെ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് എത്തിയത്. അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ക്ഷേത്രത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാഗ്രി വിഭാഗം ആരാധന നടത്തുന്ന ക്ഷേത്രം വാർഷിക പൂജകൾക്ക് വേണ്ടി മാത്രമാണ് തുറക്കുന്നത്.
അതേസമയം സംഭവത്തെ പാകിസ്താനിലെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു. സിന്ധിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. അടുത്തയിടെ കാശ്മോറയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തിയ മതമൗലികവാദികൾ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മുപ്പതോളം പേരെ ബന്ദിയാക്കിയ സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച പുലർച്ചെയായിരുന്നു മതമൗലികവാദികൾ കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രം സമ്പൂർണ്ണമായി തകർത്ത ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെല്ലുവിളി മുഴക്കിയ ശേഷമായിരുന്നു അക്രമികൾ മടങ്ങിയത്.
Discussion about this post