മുംബൈ: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും സന്തോഷ വാർത്ത. പരിക്ക് മൂലം ഏറെ നാളായി ടീമിൽ നിന്നും വിട്ടു നിൽക്കുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര തിരിച്ചു വരുന്നു. അയർലൻഡിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി 20 പരമ്പരയിൽ ബൂമ്ര കളിക്കും എന്നാണ് റിപ്പോർട്ട്. 2022 സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലായിരുന്നു ബൂമ്ര അവസാനമായി കളിച്ചത്.
അതേസമയം, പരിക്കിന്റെ പിടിയിലായ ബാറ്റ്സ്മാന്മാർ ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിന്റെയും മടങ്ങി വരവിനെ കുറിച്ച് സൂചനകളില്ല. പരിക്കിനെ തുടർന്ന് അയ്യർക്ക് കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും നഷ്ടമായിരുന്നു.
അയർലൻഡിനെതിരായ പരമ്പരയിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വിശ്രമം അനുവദിക്കും എന്നും സൂചനയുണ്ട്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയർമാനായ മുൻ സ്റ്റാർ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മൺ പരമ്പരയിൽ മുഖ്യ പരിശീലകനായേക്കും എന്നാണ് സൂചന. ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് ഋഷികേശ് കനിത്കറും ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് സായ് രാജ് ബഹുതുലെയും എത്തിയേക്കും എന്നും ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ക്രിക്കറ്റ് വെബ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post