കൊല്ലം: ചിതറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരനായ ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദർശിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടത്. വീടിനുള്ളിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽ ആദർശിന്റെ മാതാവ് ആയിരുന്നു മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരിൽ ഒരാളെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് പോലീസിനെ വിവരം അറിയിച്ചത്.
പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകം ആണെന്ന് പോലീസിന് വ്യക്തമായി. ഇതോടെയായിരുന്നു വീട്ടുകാരെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ആദർശ് മറ്റൊരു വീട്ടിൽചെന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ട് വരികയായിരുന്നു. വീട്ടിലെത്തിയ ശേഷം വീട്ടുകാരുമായി തർക്കം ഉണ്ടായി. ഇതിനിടെ വാക്കത്തിയെടുത്ത് കൈമുറിയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെ മരണം സംഭവിച്ചു എന്നാണ് നിഗമനം. ആദർശിന്റെ വീട്ടുകാരെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post