കമ്പനിയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനായി കൊണ്ടുവന്ന വിലക്കുകൾ വലിയ മാറ്റങ്ങൾക്ക് കാരണമായതിന്റെ അമ്പരപ്പിലാണ് ജപ്പാനിലെ ഇറ്റൂച്ചു കോർപ്പറേഷനിലെ അധികൃതർ. 2010 ൽ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് നടപ്പിലാക്കിയ കാര്യങ്ങളാണ് ഇപ്പോൾ കമ്പനിയെ അടിമുടി മാറ്റിയിരിക്കുന്നത്.
രാത്രി എട്ട് മണിക്ക് ശേഷം ജോലി ചെയ്യുന്നത് പൂർണമായും നിരോധിക്കുകയായിരുന്നു ആദ്യ ഘട്ടത്തിൽ ചെയ്തത്. അധിക ശമ്പളത്തോടെ അടുത്ത ദിവസം ജോലി പൂർത്തിയാക്കാൻ അവസരം നൽകി. ദിവസവും എട്ടുമണിയ്ക്ക് ശേഷം ഓഫീസ് സെക്യൂരിറ്റി ഗാർഡുകളും ഹ്യൂമൻ റിസോഴ്സ് ജീവനക്കാരും പരിശോധിച്ച് ആരും അധികസമയം ജോലിയിൽ മുഴുകുന്നില്ലെന്ന് ഉറപ്പാക്കി.
ഒരു ദശാബ്ദത്തിന് ശേഷം കമ്പനിയിൽ വലിയ മാറ്റങ്ങൾ വന്നു. ഫാമിലിമാർട്ട് കൺവീനിയൻസ് സ്റ്റോർ ശൃംഖല മുതൽ മെറ്റൽ ട്രേഡിംഗ് വരെയുള്ള കമ്പനികളുടെ ബിസിനസുകൾ 2010 മുതൽ 2021 വരെ അഞ്ചിരിട്ടി ലാഭത്തിലായി. കൂടുതൽ വനിതാ ജീവനക്കാർ പ്രസവാവധി എടുക്കുകയും, അധികം വൈകാതെ തന്നെ ജോലിയിൽ തിരിച്ചു പ്രവേശിക്കുകയും ചെയ്തു. ജനനനിരക്കിൽ വൻ വർദ്ധനവാണ് കമ്പനിയിൽ പുതിയ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഉണ്ടായതെന്ന് അധികൃതർ പറയുന്നു. കമ്പനിയിലെ ജനനനിരക്ക് ജപ്പാനിലെ നിലവിലെ ദേശീയ ശരാശരി നിരക്കായ 1.3 കടന്നിരിക്കുകയാണ്.
ഇതിന് പിന്നാലെ കമ്പനി, സ്ത്രീകൾക്ക് കുട്ടികളെ വളർത്തുന്നതിന് കരിയർ ഉപേക്ഷിക്കേണ്ടി വരില്ലെന്ന സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചു. കമ്പനിയോട് ചേർന്ന് ഡേ കെയർ പ്രവർത്തനം ആരംഭിച്ചത് സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ ഉപകാരമായി. കമ്പനിയുടെ ഈ പരിഷ്‌ക്കാരങ്ങൾ മറ്റുള്ളവരും മാതൃകയാക്കാനുള്ള ശ്രമത്തിലാണ്.
Discussion about this post