ചെന്നൈ:തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാറിൽ ഓഫീസിലേക്ക് കൊണ്ടുപോയി.മകനും സുഹൃത്തുക്കൾക്കും ചട്ടങ്ങൾ മറികടന്ന് ക്വാറി ലൈസൻസ് നൽകിയ കേസിലാണ് നടപടി. ക്വാറി ലൈസൻസ് അനുവദിച്ചത് വഴി 28 കോടി രൂപ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു.
ഇന്ന് നടത്തിയ റെയ്ഡിൽ മന്ത്രിയുടെ വസതികളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. 70 ലക്ഷം രൂപയും 10 ലക്ഷം മൂല്യം വരുന്ന വിദേശകറൻസിയുമാണ് പിടിച്ചെടുത്തത്. പൊൻമുടിയുടെ ഔദ്യോഗിക വസതിയിലും വില്ലുപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പൊൻമുടിയുടെ മകൻ കള്ളക്കുറിച്ചി എം പി ഗൗതം സിഗമണിയുടെ വസതിയിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് നടത്തുന്നതിന് മുമ്പ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എല്ലാ സ്വകാര്യ ജീവനക്കാരോടും പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഭൂമി കയ്യേറ്റ കേസിലും പൊൻമുടിയെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു.
ഡി എം കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ പൊൻമുടി എം കെ സ്റ്റാലിന്റെ വിശ്വസ്തനെന്നാണ് അറിയപ്പെടുന്നത്. 1989 മുതലുള്ള എല്ലാ ഡി എം കെ ഭരണത്തിലും അദ്ദേഹം സുപ്രധാന പദവി വഹിച്ചിട്ടുണ്ട്. എം കെ സ്റ്റാലിൻ നയിക്കുന്ന മന്ത്രി സഭയിൽ അഞ്ചാം സ്ഥാനമാണ് പൊൻമുടിക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത മന്ത്രി വി സെന്തിൽ ബാലാജി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഈ തിരിച്ചടികൾക്കിടെയാണ് ഡി എം കെയെ പ്രതിസന്ധിയിലാക്കി വീണ്ടും ഒരു മന്ത്രി കൂടി പ്രതികൂട്ടിലായിരിക്കുന്നത്.
Discussion about this post