ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത നേതാവാണ‌് ഉമ്മൻചാണ്ടി. അതിനെല്ലാമപ്പുറം ഈ വിയോഗം എനിക്ക് വ്യക്തിപരമായി ഏറ്റവും വലിയ നഷ്ടമായിരിക്കുമെന്നും ആൻറണി ഓർമ്മിച്ചു.
ഞാനെല്ലാം തുറന്നു പറയുന്ന ഒരേയൊരു സുഹൃത്താണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കു തുല്യന്‍ ഉമ്മന്‍ചാണ്ടി മാത്രം. എന്റെ കുടുംബജീവിതത്തിനു കാരണക്കാരന്‍ അദ്ദേഹമാണ്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ് എന്റെ ഭാര്യയെ കണ്ടെത്തിയത്. എന്റെ പൊതുജീവിതത്തിന് മാത്രമല്ല എന്റെ കുടുംബത്തിനും ഈ നഷ്ടം വലുതാണെന്ന് എ കെ ആന്റണി അനുസ്മരിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്‍മാരില്‍ ഒരാളാണ് .അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും പോലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതായിരുന്നു ചിന്ത. തന്നെ തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. രോഗക്കിടക്കയില്‍ പോലും ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷം. . കെഎസ്‍യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അങ്ങനെ സംഘടനകളെയെല്ലാം ശക്തിപ്പടുത്താന്‍ ഏറ്റവും സംഭാവന ചെയ്ത നേതാവ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്. 79 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post