കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗലൂരുവിൽ പുരോഗമിക്കവെ, കോൺഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പശ്ചിമ ബംഗാൾ എം എൽ എയും ബിജെപി ബംഗാൾ ജനറൽ സെക്രട്ടറിയുമായ അഗ്നിമിത്ര പോൾ. സിപിഎമ്മിനും കോൺഗ്രസിനും വ്യക്തമായ ഒരു നയമില്ല. കേരളത്തിൽ തമ്മിലടി, ബംഗാളിൽ ഒരുമിച്ച് മമതയുടെ തല്ലുവാങ്ങൽ, മറ്റിടങ്ങളിൽ ഒരേ പാത്രത്തിൽ നിന്നും ഊണ് എന്നതാണ് ഇരു പാർട്ടികളുടെയും നയമെന്ന് അവർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഇരു കൂട്ടരും തൃണമൂൽ കോൺഗ്രസിന്റെ തല്ലും കൊണ്ട് കൂട്ടക്കരച്ചിലാണ്. ബംഗാളിൽ യാതൊരു മയവുമില്ലാതെയാണ് മമതയും കൂട്ടരും സിപിഎം, കോൺഗ്രസ് പ്രവർത്തകരെ കൊന്ന് തള്ളുന്നത്. ഇവിടെ മമതക്കെതിരെ കരയുന്നവരാണ് ബംഗലൂരുവിൽ ഒരുമിച്ചിരുന്ന് ഗഢ്ബന്ധൻ ചർച്ച ചെയ്യുന്നതെന്ന് അഗ്നിമിത്ര പരിഹസിച്ചു.
കോൺഗ്രസും സിപിഎമ്മും കേരളത്തിലാകട്ടെ തമ്മിലടിയാണ്. തെക്ക് ഒരു നയം, വടക്ക് ഒരു നയം, കിഴക്കും പടിഞ്ഞാറും വേറൊരു നയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മറ്റൊരു നയം എന്നതാണ് ഇവരുടെ രീതി. ദേശീയത മാത്രം മുഖമുദ്രയാക്കി രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ബിജെപിക്ക് ഇക്കൂട്ടർ ഒരു ഇരയേ അല്ലെന്ന് കാലം തെളിയിച്ചതാണ്. 2024ൽ അത് ഒരിക്കൽ കൂടി ആവർത്തിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അഗ്നിമിത്ര പോൾ വ്യക്തമാക്കി.
Discussion about this post