ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിക്ക് പ്രധാനമന്ത്രി പദവിയിൽ മോഹമില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം മെനയാൻ ബംഗളൂരുവിൽ വെച്ച് 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസ് തീരുമാനം വ്യക്തമാക്കിയത്.
”കോൺഗ്രസിന് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താൽപ്പര്യമില്ല. ഈ യോഗത്തിന്റെ ഉദ്ദേശ്യം നമുക്ക് അധികാരം നേടാനല്ല. നമ്മുടെ ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യ” ഖാർഗെ പറഞ്ഞു.
‘ഞങ്ങൾ 26 പാർട്ടികളാണ്, 11 സംസ്ഥാനങ്ങളിൽ സർക്കാരുണ്ട്. സംസ്ഥാന തലത്തിൽ ഞങ്ങളിൽ ചിലർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അറിയാം. ഈ വ്യത്യാസങ്ങൾ അത്ര വലുതല്ല, ഈ വ്യത്യാസങ്ങൾ പ്രത്യയശാസ്ത്രപരമല്ല. ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനാണ് തീരുമാനം’ ഖാർഗെ കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, ഹേമന്ദ് സോറൻ, മമത ബാനർജി, ആർജെഡി നേതാവ് ലാലു പ്രസാദ് എന്നിവരും രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടികൾ ഒന്നിച്ച് തീരുമാനിച്ചാൽ പുതിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തേക്കും.
Discussion about this post