സൂറത്ത് : ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം അത് യുഎസിലെ പെന്റഗൺ ഓഫീസിന്റെ കെട്ടിടമാണ് എന്നായിരിക്കും. 80 വർഷമായി അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ഈ റെക്കോർഡ് ഇപ്പോൾ തിരുത്തിയെഴുതപ്പെട്ടിരിക്കുകയാണ്. ഗുജറാത്തിലെ വജ്രവ്യാപാര കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ലോകത്തിന്റെ രത്‌ന തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിൽ പുതുതായി നിർമ്മിച്ച സൂറത്ത് ഡയമണ്ട് ബോഴ്സ്, വജ്രവുമായി ബന്ധപ്പെട്ട എല്ലാതരം ഇടപാടുകൾക്കും ഒരു ‘വൺ-സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആയിരിക്കുമെന്ന് മേധാവികൾ പറഞ്ഞു.
65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതിയെങ്കിൽ സൂററ്റിലെ ഖജോറിൽ നിർമ്മിച്ച സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട് . ഒൻപത് ചതുരാകൃതിയിലുള്ള ടവറുകൾ 35 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നു. ഓരോന്നിലും 15 നിലകളാണുളളത്. ഇവയെല്ലാം ഒരു ടവറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിലെ വജ്രവ്യാപാരത്തിന്റെ ആസ്ഥാനമായി സൂറത്ത് മാറും. 7.1 ദശലക്ഷം ചതുരശ്ര അടി ഫ്‌ലോർ സ്‌പേസ് ഉണ്ട്. നാല് വർഷമെടുത്താണ് ഈ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 20 ലക്ഷം സ്‌ക്വയർ ഫീറ്റ് വ്യാപിച്ചുകിടക്കുന്ന റിക്രിയേഷണൽ സെന്ററും പാർക്കും ഏരിയയും ഇവിടെയുണ്ട് എന്നാണ് റിപ്പോർട്ട്. 81.9 മീറ്ററാണ് ടവറിന്റെ ഉയരം. 4500 ഓഫീസുകളും ഒരു കിലോമീറ്റർ നീളത്തിൽ ഇടനാഴിയും ഉണ്ട്. 67,000 പേർക്ക് നേരിട്ടും 83,000 പേർക്ക് അല്ലാതെയും ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റർനാഷണൽ ഡിസൈൻ കോംപറ്റീഷന്റെ ഭാഗമായി ഇന്ത്യൻ വാസ്തുവിദ്യ സ്ഥാപനമായ മോർഫോജെനിസിസ് ആണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. പെന്റഗണിനെ മറികടക്കുക എന്നത് മത്സരത്തിന്റെ ഭാഗമായിരുന്നില്ല. ആവശ്യകത അനുസരിച്ചാണ് ഈ പ്രൊജക്ടിന്റെ വലിപ്പവും വർദ്ധിപ്പിച്ചത്. നിർമ്മാണത്തിന് മുമ്പ് എല്ലാ ഓഫീസുകളും ഡയമണ്ട് കമ്പനികൾ വാങ്ങിയിരുന്നുവെന്നും പ്രൊജക്റ്റ് സിഇഒ മഹേഷ് ഗധാവി പറഞ്ഞു.
Discussion about this post