ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലായിരുന്നു സംഭവം. രണ്ട് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിനൊടുവിൽ വകവരുത്തിയത്.
രാവിലെയോടെയായിരുന്നു സംഭവം. കുപ്വാരയിലെ മച്ചൽ സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഇതുവഴി ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. അപ്പോഴാണ് അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റ ശ്രമം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഭീകരരെ വളയുകയായിരുന്നു.
സുരക്ഷാ സേനയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഭീകരർ വെടിയുതിർത്തു. ഇതോടെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും എകെ തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു. പ്രദേശത്ത് പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് പാക് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
Discussion about this post