ചന്ദ്രയാൻ -3 ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടർന്നുകൊണ്ടിരിക്കവെ വ്യാഴാഴ്ച രാജ്യം 2023 ലെ ദേശീയ ചാന്ദ്രദിനം ആഘോഷിക്കുകയാണ്. ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 1969 ജൂലൈ 20 ന് നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ആദ്യമായി ചന്ദ്രനിൽ കാലുകുത്തി ഒരു വലിയ ചരിത്രം സൃഷ്ടിച്ചു. ആ സംഭവത്തിന്റെ സ്മരണയ്ക്കായാണ് എല്ലാവർഷവും ജൂലൈ ഇരുപതാം തീയതി ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.
1960 കളിലാണ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡി മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ തയ്യാറെടുക്കുന്നതായി പ്രഖ്യാപിക്കുന്നത്. എട്ട് വർഷത്തിന് ശേഷം മഹത്തായ അപ്പോളോ 11 ദൗത്യം വിജയകരമായി നടന്നു. കമാൻഡർ നീൽ ആംസ്ട്രോങ്ങും ലൂണാർ മൊഡ്യൂൾ പൈലറ്റായ ബസ് ആൽഡ്രിനും 1969 ജൂലൈ 20 ന് ചന്ദ്രനിൽ എത്തുന്ന ആദ്യ മനുഷ്യരായി മാറി. ചരിത്രപരമായി മനുഷ്യനും ചന്ദ്രനും തമ്മിൽ കണ്ടുമുട്ടിയ ദിനമാണ് ജൂലൈ 20 എന്ന് പറയാം.
2021 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി എല്ലാ വർഷവും ജൂലൈ 20-ന് അന്താരാഷ്ട്ര തലത്തിൽ ചാന്ദ്രദിനം ഒരു ദേശീയ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ ദേശീയ ചാന്ദ്രദിനം ആഘോഷിക്കുന്നത് വഴി ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിൽ രാഷ്ട്രങ്ങളുടെ നേട്ടങ്ങൾ എടുത്തു കാണിക്കപ്പെടുകയും സുസ്ഥിര ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. നമ്മുടെ രാജ്യത്തെ പല വിദ്യാലയങ്ങളും ചാന്ദ്രദിനം മികച്ച രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് ചന്ദ്രനെ കുറിച്ചുള്ള ശരിയായ ശാസ്ത്ര അവബോധം വളർത്തിയെടുക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. ചന്ദ്രയാൻ പോലെയുള്ള ചന്ദ്ര പര്യവേക്ഷണ ശ്രമങ്ങൾ ഇനിയും ഏറെ ഉണ്ടാകാനായി പുതിയ തലമുറയ്ക്ക് പ്രചോദനമാകാൻ ഓരോ ചാന്ദ്രദിനങ്ങൾക്കും കഴിയട്ടെ.













Discussion about this post