കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്നയാൾക്കെതിരെ ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കി കോഴിക്കോട് ആർടിഒയുടെ വിചിത്ര നടപടി. വടകര സ്വദേശി സ്വരൂപ് ദേവരാജിനാണ് ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ പിഴ ചുമത്തിയത്. രണ്ട് വർഷമായി സ്വരൂപ് വിദേശത്താണ്.
മെയ് എട്ടിന് കോഴിക്കോട് പിഎം മർക്കസ് റോഡിലൂടെ സ്‌കൂട്ടറിൽ പോകുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു ലഭിച്ച നോട്ടീസിലെ നിർദ്ദേശം. എന്നാൽ സ്‌കൂട്ടറിന്റെ നമ്പർ നോട്ടീസിൽ നിന്നും വ്യക്തമല്ല. സ്‌കൂട്ടറിൽ രണ്ട് പേർ സഞ്ചരിക്കുന്ന ചിത്രമാണ് നോട്ടീസിൽ ഉള്ളത്.
എന്നാൽ സ്വരൂപിന് ബൈക്കാണ് ഉള്ളത്. ഇതാണെങ്കിൽ രണ്ട് വർഷമായി ഉപയോഗിക്കാറുമില്ല. പിന്നെങ്ങനെയാണ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് വന്നതെന്ന അതിശയത്തിലാണ് സ്വരൂപിന്റെ കുടുംബം. സംഭവത്തിൽ സ്വരൂപിന്റെ പിതാവ് ആർടിഒയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ചതാണോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നാണ് പിതാവ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
Discussion about this post