കോഴിക്കോട്: ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. പരാമർശത്തിൽ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണ് എന്ന് പറയുന്നത് എഎൻ ഷംസീറിന്റെ അജ്ഞതകൊണ്ടാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
കുന്നത്ത്‌നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം. ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് ഷംസീറിന്റെ അജ്ഞതയുടെ തെളിവാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധന സംവിധാനത്തെ ബഹുമാനിക്കാനും പുകഴ്ത്താനും അറിയുന്ന ഷംസീറിന് ഹിന്ദു സംവിധാനങ്ങളോടുള്ള മനോഭാവം , നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണെന്നും ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.
ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച ശ്രീമതി ടീച്ചറും, അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ തന്നെ ഹിന്ദു വിശ്വാസ പ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും അവഹേളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അതിജീവിച്ചു തന്നെയാണ് കേരളത്തിൽ ഹിന്ദു സമൂഹം മുന്നോട്ടുവന്നതെന്ന് ഷംസീറും മാർക്‌സിസ്റ്റ് പാർട്ടിയും ഓർക്കുന്നത് നല്ലതാണെന്നും ഷൈനു കൂട്ടിച്ചേർത്തു. എല്ലാ ഹിന്ദു വിശ്വാസികളും എ.എൻ ഷംസീറിന്റെ ഈ നീച പ്രവർത്തിക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ രംഗത്തുവരണമെന്ന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയുകയാണെന്നും കെ. ഷൈനു പറഞ്ഞു.
Discussion about this post