ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവ് മരിച്ച ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. ഗ്രേറ്റർ നോയിഡയിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
യുവതിയ്ക്ക് ഒരു മകളുണ്ട്. ഈ കുട്ടിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികൾ യുവതിയെ മതം മാറ്റാൻ ശ്രമിച്ചത്. 2016 ലായിരുന്നു യുവതിയുടെ ഭർത്താവ് മരിച്ചത്. ഇതിന് ശേഷം മകളുമൊത്ത് ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു യുവതി. ഇതിനിടെ 2021 ലായിരുന്നു പ്രധാന പ്രതിയായ ഹാറൂണിനെ യുവതി പരിചയപ്പെടുന്നത്. ജിമ്മിൽവച്ചായിരുന്നു ഇരുവരും പരിചയത്തിലായത്. വ്യാജ പേരിലായിരുന്നു ഇയാൾ യുവതിയുമായി അടുത്തത്. പിന്നീട് യുവതിയെ ഒപ്പം താമസിക്കാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നു. മതം മാറാൻ ആവശ്യപ്പെട്ടും ഇയാൾ ഭീഷണി മുഴക്കി. ഇതിന് വഴങ്ങാതിരുന്നതോടെയാണ് മകളെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് മകളെ ഉപയോഗിച്ച് യുവതിയെ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
ഹാറൂണിന് പുറമേ സോനു, അലിയാർ ഖാൻ, രാജു ഖാൻ എന്നിവരാണ് കേസിലെ പ്രതികൾ. ഹാറൂൺ തന്റെ പക്കൽ നിന്നും 15 ലക്ഷം രൂപ തട്ടിയതായും യുവതി പരാതിയിൽ പറയുന്നു.
Discussion about this post