തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ എംസി റോഡിന്റെ പേര് ഒസി റോഡായി പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ഇതു സംബന്ധിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് അയച്ചു.
എംസി റോഡ് ഭാവിയിൽ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് സുധീരൻ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി. റോഡ് വഴി പുതുപ്പള്ളിവരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണെന്നും വി എം സുധീരൻ പറഞ്ഞു. എംസി റോഡി യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
എംസി റോഡിന്റെ പേര് ഒസി റോഡ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമത്തിലെ കുറിപ്പിലാണ് രാഹുലിന്റെ ആവശ്യം.
Discussion about this post