പട്ന: ബിഹാറിൽ മൂന്ന് വയസ്സുകാരൻ കുഴൽ കിണറിൽ വീണു. ബിഹാറിലെ കുൽ ഗ്രാമത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാ പ്രവർത്തക സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അവന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാം,’ രക്ഷാ പ്രവർത്തകർ പറയുന്നു. രക്ഷാപ്രവർത്തനത്തിൻറെ ആദ്യ ഘട്ടമായി കുട്ടിക്ക് ഓക്‌സിജൻ നൽകാൻ സാധിച്ചെന്നാണ് പോലീസ് അറിയിക്കുന്നത്.
കൂട്ടുകാരുമായി കളിക്കുന്നതിനിടെയിൽ കുട്ടി കാൽവഴുതി കുഴൽ കിണറിലേക്ക് വീഴുകയായിരുന്നു. കൂടെ കളിച്ച കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാർ അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
കൃഷിയാവശ്യങ്ങൾക്കായി നിർമ്മിച്ച കുഴി മൂടാത്തതാണ് അപകടകാരണമായത്. സംഭവം അറിഞ്ഞതോടെ പ്രദേശത്തേക്ക് ആളുകൾ എത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നാണ് പോലീസ് പറയുന്നത് ഇതേ തുടർന്ന് പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ഓക്‌സിജൻ സൗകര്യങ്ങളുള്ള മെഡിക്കൽ ടീമുകളും സ്ഥലത്തുണ്ട്. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്നാണ്‌പോലീസ് അറിയിക്കുന്നത്.
അതേസമയം മദ്ധ്യപ്രദേശിലും കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മദ്ധ്യപ്രദേശിലെ വിഡിഷ ജില്ലയിൽ പിഞ്ചു കുഞ്ഞ് കുഴൽ കിണറിൽ വീണ സംഭവമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുട്ടിയെ രക്ഷപ്പെടുത്താനായെങ്കിലും ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
Discussion about this post