ഇടുക്കി: ചെറുതോണിയിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെറുതോണി പാറേമാവിൽ വാടകയ്ക്കായിരുന്നു താമസം.
ഇന്നലെ രാത്രിയിൽ ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ നടത്തിയ തെരച്ചിലിനൊടുവിലാണ് അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേശയ്ക്കരികിൽ കസേരയിൽ ഇരുന്ന് തലവെച്ച് ഉറങ്ങുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രക്തം ഛർദ്ദിച്ചിട്ടുമുണ്ടായിരുന്നു. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
22 ദിവസം മുൻപായിരുന്നു അബ്ദുൾ സലാം ഇടുക്കി എൽ. ആർ വിഭാഗത്തിൽ ഡെപ്യൂട്ടി തഹസിൽദാരായി ജോലിയിൽ പ്രവേശിച്ചത്. മുമ്പ് ചാവറയിൽ കെ.എം.എം.എൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി കോളേജിലേക്ക് മാറ്റും.












