രൺവീർ സിംഗും ആലിയ ഭട്ടും അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ ധിന്ധോര ബജെ രേ എന്ന ഗാനം ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദുർഗാ പൂജ ആഘോഷത്തിനിടെ ആലിയ ഭട്ടും രൺവീർ സിംഗും നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ഈ ഗാനത്തിലുള്ളത്. പുറത്തിറക്കി ഒരു മണിക്കൂറിനുള്ളിൽ തന്നെ 55,000 ത്തോളം പേരാണ് ഈ ഗാനരംഗം കണ്ടിരിക്കുന്നത്.
രൺവീർ സിംഗിനെയും ആലിയ ഭട്ടിനേയും കൂടാതെ ജയ ബച്ചനും ഈ ഗാനരംഗത്തിലുണ്ട്. ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ വലിയ ദേവി വിഗ്രഹത്തിന് താഴെയായി നൂറുകണക്കിന് നർത്തകരോടൊപ്പം ആണ് രൺബീറും ആലിയയും നൃത്തം ചെയ്യുന്നത്. ബോളിവുഡിന്റെ പരമ്പരാഗത ശൈലിയിലാണ് ധിന്ധോര ബജെ രെ ഒരുക്കിയിരിക്കുന്നത്. പ്രീതം സംഗീതസംവിധാനവും അമിതാഭ് ഭട്ടാചാര്യ രചനയും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ദർശൻ റാവലും ഭൂമി ത്രിവേദിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. രൺവീർ സിംഗ്, ആലിയ ഭട്ട് , ധർമ്മേന്ദ്ര , ജയ ബച്ചൻ , ശബാന ആസ്മി എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജൂലൈ 28നാണ് റോക്കി ഔർ റാണി കി പ്രേം കഹാനി തിയേറ്ററുകളിലേക്ക് എത്തുന്നത്.













Discussion about this post