ന്യൂഡൽഹി : ഭർത്താവിനെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ രാജസ്ഥാനി യുവതി ഉടൻ തിരികെയെത്തുമെന്ന് ആൺസുഹൃത്ത് നസറുള്ള. ഓഗസ്റ്റ് 20 ന് വിസ കാലാവധി കഴിയുമ്പോൾ അഞ്ജു തിരികെ വരുമെന്നാണ് നസറുള്ള പറയുന്നത്. തങ്ങൾ കമിതാക്കളല്ലെന്നും നസറുള്ള വെളിപ്പെടുത്തി.
34 കാരിയായ അഞ്ജുവുമായി താൻ പ്രണയത്തിലല്ല എന്നാണ് 29 കാരനായ നസറുള്ള പറയുന്നത്. അഞ്ജു ഇപ്പോൾ പാകിസ്താൻ സന്ദർശനത്തിലാണ്. തന്റെ വീട്ടിലെ സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അവൾ താമസിക്കുന്നത്. തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും നസറുള്ള പറഞ്ഞു.
രാജസ്ഥാൻ സ്വദേശിയായ യുവതിയാണ് ഭർത്താവിനോട് ജയ്പൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പാകിസ്താനിലേക്ക് പോയത്. പാകിസ്താനി യുവാവുമായി ഏറെ നാളായ യുവതി പ്രണയത്തിലായിരുന്നു എന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഇവർ പാകിസ്താനിലേക്ക് പോയി എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് നസറുള്ള സംഭവത്തിൽ വ്യക്തത വരുത്തിയത്. ജില്ലാ ഭരണകൂടം തങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അഞ്ജു കുടുംബത്തോടൊപ്പം സുരക്ഷിതയാണെന്നും നസറുള്ള പറഞ്ഞു.
പാകിസ്താൻ വിസയെടുത്താണ് അഞ്ജു സുഹൃത്തിനെ കാണാൻ പോയത്. ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ മുഷ്താഖ് അഞ്ജുവിന്റെ യാത്രാ രേഖകൾ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. വിസ രേഖകൾ പ്രകാരം അഞ്ജു ഓഗസ്റ്റ് 20 ന് തിരികെ പോകുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post