കോട്ടയം: യുവതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന വൈക്കം സ്‌റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ട നടപടി. നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഡിഐജിയുടേതാണ് നടപടി.
എസ്‌ഐ അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
അപമര്യാദയായി പെരുമാറിയ ആൾക്കെതിരെയാണ് യുവതി വൈക്കം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതിയെ അലക്ഷ്യമായി കൈകാര്യം ചെയ്യുകയായിരുന്നു. പരാതി നൽകിയ യുവതിയ്ക്ക് രസീത് കൈമാറാൻ പോലും പോലീസ് തയ്യാറായിരുന്നില്ല.
പരാതിയിൽ ദിവസങ്ങൾക്ക് ശേഷമാണ് കേസ് എടുക്കാൻ പോലീസ് തയ്യാറായത്. കേസ് രജിസ്റ്റർ ചെയ്തപ്പോൾ ദുർബലമായ വകുപ്പുകൾ ചുമത്തി. നീതി നിഷേധിക്കപ്പെട്ടതോടെ യുവതി വീണ്ടും പരാതിയുമായി രംഗത്ത് വരികയായിരുന്നു. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി. ഇതിൽ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്തമായതോടെയായിരുന്നു നടപടി സ്വീകരിച്ചത്.
അതേസമയം കൂട്ടത്തോടെ നടപടി സ്വീകരിച്ചതിൽ വലിയ അതൃപ്തിയാണ് പോലീസ് സേനയിൽ ഉളളത്.
Discussion about this post