തൃശൂർ : വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പോലീസ്. ആക്രമണത്തിനിടെ രണ്ട് പേരെയും കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. അതേസമയം കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ അക്മലിന്റെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തി. ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന സൂചനകൾ ഇതോടെ ശക്തമാവുകയാണ്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
വടക്കേക്കാട് വൈലത്തൂർ സ്വദേശികളായ അബ്ദുളളക്കുട്ടി (65), ഭാര്യ ജമീല(60) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊച്ചുമകനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. ഇതോടെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചെറുമകനെ നാലു മാസം മുമ്പാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. അമ്മ വേറെ വിവാഹം കഴിച്ചതിനാൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു അക്മൽ താമസിച്ചിരുന്നത്. രാവിലെ ഭക്ഷണവുമായി എത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്.
വയോധികരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുളളിൽ പോലീസ് മംഗലാപുരത്തു നിന്നും പിടികൂടുകയായിരുന്നു. അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post