തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യാഴാഴ്ച പോലീസ് കോടതിയിൽ സമർപ്പിക്കും. മൈക്ക് കേടായ സംഭവത്തിൽ കേസ് എടുത്തത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവച്ചത്. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
സംഭവം വിവാദമായതോടെ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് നടപടിയെടുത്തിട്ടുള്ളത്.
തിങ്കളാഴ്ചയായിരുന്നു അയ്യൻകാളി ഹാളിൽ കെപിസിസി ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിൽ നിന്നും ശബ്ദം വരികയും ഓഫ് ആകുകയുമായിരുന്നു. എന്നാൽ സെക്കന്റുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചു. മുഖ്യമന്ത്രി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്നലെ പോലീസ് കേസ് എടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഇതിന് പിന്നാലെ മൈക്കും മറ്റ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
Discussion about this post