ന്യൂഡൽഹി : പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14-ാം ഗഡു വ്യാഴാഴ്ച വിതരണം ചെയ്യും. പദ്ധതിയ്ക്ക് കീഴിലുള്ള 8.5 കോടി കർഷക ഗുണഭോക്താക്കൾക്കായി 17,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത്.
വ്യാഴാഴ്ച രാജസ്ഥാനിലെ സിക്കാറിൽ നടക്കുന്ന പരിപാടിയിൽ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
2018 ഡിസംബറിൽ ആണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പദ്ധതിക്ക് കീഴിൽ മൂന്ന് തുല്യ ഗഡുക്കളായി കേന്ദ്രസർക്കാർ പ്രതിവർഷം 6,000 രൂപയാണ് നൽകുന്നത് .
ഇതുവരെയായി പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് കൈമാറിയ ആകെ തുക 2.59 ലക്ഷം കോടിയിലധികമാണ്.
ഇടനിലക്കാരില്ലാതെ കമ്മീഷനില്ലാതെ തുക കർഷകർക്ക് നേരിട്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുന്നതാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK) നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ പദ്ധതിയിലൂടെ രാജ്യത്തെ റീട്ടെയിൽ വളക്കടകൾ ഘട്ടംഘട്ടമായി സർക്കാർ PMKSKകളാക്കി മാറ്റുകയാണ് . ഈ PMKSK-കൾ കർഷകർക്ക് വളവും വിത്തും വാങ്ങാനും മണ്ണ് പരിശോധന നടത്താനും കൃഷിരീതികളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രങ്ങളായിരിക്കും.
Discussion about this post