തിരുവന്തപുരം : കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ശക്തിപ്രാപിക്കുന്നത്.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ആന്ധ്രാപ്രദേശ് തീരം, മദ്ധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത പ്രവചിക്കുന്നുണ്ട്. അതിനാൽ മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
Discussion about this post