വാഷിംഗ്ടൺ: അന്യഗ്രഹ ബഹിരാകാശ പേടകങ്ങൾ അമേരിക്കൻ ഭരണകൂടം രഹസ്യമായി കൈവശം വച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് എയർഫോഴ്‌സ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ. യുഎസ് സ്‌റ്റേറ്റ് കോൺഗ്രസിന്റെ തെളിവെടുപ്പിലാണ് മേജർ ഡേവിഡ് ഗ്രഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
1930 കളിൽ യുഎസ് സർക്കാർ മനുഷ്യേതര ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹ പേടകം യുഎസിന്റെ കൈവശമുണ്ടെന്നും അത് പ്രവർത്തിപ്പിച്ചിരുന്ന മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങൾ സർക്കാർ കൈവശമുണ്ടെന്ന് തനിക്ക് തീർച്ചയാണെന്നും ഗ്രഷ് വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങളത്രയും പെന്റഗൺ നിഷേധിച്ചിരിക്കുകയാണ്. അന്യഗ്രഹ വസ്തുക്കളെ സംബന്ധിച്ച യാതൊരു വിധ പദ്ധതികളും മുൻകാലങ്ങളിൽ നടന്നതുമായി ബന്ധപ്പെട്ടോ ഇപ്പോൾ നടക്കുന്നതുമായി ബന്ധപ്പെട്ടോ ഉള്ള വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ലെന്ന് പ്രതിരോധ വകുപ്പ് വക്താവ് സ്യൂ ഗഫ് പറഞ്ഞു
യുഎസിന്റെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞത് മുതൽ താനൊരു നോട്ടപ്പുള്ളിയായി മാറിയെന്നും തന്നോട് പ്രതികാരം ചെയ്യുകയാണെന്നും മുൻ സൈനികൻ കുറ്റപ്പെടുത്തുന്നു. യുഎസിലെ ഉന്നത ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമാക്കിവെക്കുകയാണെന്നും മനുഷ്യരുടേതല്ലാത്ത പേടകവുമായി നേരിട്ട് അറിവുള്ള ആളുകളുമായി വ്യക്തിപരമായി സംസാരിട്ടുണ്ടെന്നും ഗ്രഷ് പറയുന്നു.
Discussion about this post