ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകന്റെ രാജ്യത്തെത്തി ചൈനീസ് യുവതി. പാകിസ്താൻ സ്വദേശിയായ ജാവേദ് എന്ന 18 കാരനെ വിവാഹം കഴിക്കാനാണ് ഗാവോ ഫെങ് എന്ന 21 കാരി ഖൈബർ പഖ്തൂൺഖ്വയിലെത്തിയത്. മൂന്ന് മാസത്തെ സന്ദർശന വിസയുമായി ചൈനയിൽ നിന്ന് പാക് അധീന കശ്മീരിലെ ഗിൽജിത് വഴി റോഡ് മാർഗമാണ് ഗാവോ ഖൈബർ പഖ്തൂൺഖ്വയിലേക്ക് എത്തിയത്.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ ബജൗർ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാവേദ് യുവതിയെ തന്റെ ജന്മനാടിന് പകരം ലോവർ ദിർ ജില്ലയിലെ സമർബാഗ് തഹ്സിലിലെ അമ്മയുടെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും സ്‌നാപ്പ് ചാറ്റ് വഴി ബന്ധം പുലർത്തിവരികയാണ്. സമർബാഗ് മേഖലയിൽ ചൈനീസ് യുവതിക്ക് പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ലോവർ ദിർ ഡിസ്ട്രിക്ട് ജില്ലാ പോലീസ് ഓഫീസർ സിയാവുദ്ദീൻ പറഞ്ഞു.
നിക്കാഹിനായുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ജാവേദ് ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് 34 കാരിയായ ഭർതൃമതി അഞ്ജു തന്റെ പാക് സുഹൃത്തിനെ കാണാനായി ഖൈബർ പക്തൂൺഖ്വയിലെത്തിയത്.












