ബർലിൻ: ഭൂമിയിലെ 1,20,000 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ മാസമായി 2023 ജൂലൈ. ജർമ്മൻ ശാസ്ത്രജ്ഞനായ ഡോ. കാർസ്‌റ്റെൻ ഹോസ്റ്റീൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിന് മുൻപ് ഏറ്റവും ചൂടേറിയ മാസം 2019 ജൂലൈ ആയിരുന്നു. 2023 ജൂലൈയിൽ 0.2 ഡിഗ്രി സെൽഷ്യസ് അധികചൂടാണ് അനുഭവപ്പെട്ടതെന്നാണ് നിഗമനം.
ജൂലൈ മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിലാണ് പൊള്ളുന്ന ചൂട് അനുഭവപ്പെട്ടത്. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവ്വീസിന്റെയും വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷന്റെയും കണക്കുകൾ അനുസരിച്ചാണ് ഈ നിഗമനം. ജൂലൈ ആറിനായിരുന്നു കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 2016 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ചൂടിനെയാണ് ജൂലൈ ആറ് മറികടന്നത്. ജൂലൈ അഞ്ചിനും ഏഴിനും ഇതിനോട് അടുത്ത് തന്നെ ചൂട് രേഖപ്പെടുത്തിയതായി വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷന്റെ റെക്കോഡുകൾ വ്യക്തമാക്കുന്നു.
എൽ നിനോ ഉൾപ്പെടെയുളള പ്രതിഭാസങ്ങൾ ചൂട് കൂടാൻ കാരണമായതായി വിശകലനത്തിൽ പറയുന്നു. ജൂലൈ നാലിനാണ് പസഫിക്കിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതായി വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ പ്രഖ്യാപിച്ചത്. ഇത് താപനില ഉയർത്തുമെന്നും കാലാവസ്ഥയിൽ അപ്രതീക്ഷിത വ്യതിയാനങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനൊപ്പം മനുഷ്യരുടെ പ്രവൃത്തികൾ മൂലം ഹരിതഗേഹ വാതകങ്ങളുടെ ബഹിർഗമനത്തിലുണ്ടായ വ്യത്യാസവും ചൂട് കൂടാൻ കാരണമായി.
ആഗോള താപനം വ്യാവസായികത്തിന് മുൻപുളള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിലധികം ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുളള ഇന്റർഗവൺമെന്റൽ പാനൽ (ഐപിസിസി) മാർച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുളള പാരീസ് ഉടമ്പടിയിലെ വ്യവസ്ഥകൾ കൂടുതൽ കാര്യക്ഷമമായി ലോകരാജ്യങ്ങൾ നടപ്പിലാക്കണമെന്ന ഓർമ്മപ്പെടുത്തലാണ് പുതിയ വിവരങ്ങളെന്ന് അന്തരീക്ഷ പഠന വിദഗ്ധരും പറയുന്നു.
Discussion about this post