ബംഗ്ലൂരു: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹ വിക്ഷേപണത്തിൽ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ വിശകലനം ചെയ്യാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം ഒരുക്കി ഐഎസ്ആർഒ. ഇതിനായി ഐഎസ്ആർഒ അപേക്ഷകൾ ക്ഷണിച്ചു. 2024 ആദ്യമാണ് നിസാർ വിക്ഷേപണം പദ്ധതിയിട്ടിരിക്കുന്നത്.
കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലേയും, സർവ്വകലാശാലകളിലേയും ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കുമാണ് നിസാർ യൂട്ടിലിറ്റി പ്രോഗ്രാം എന്ന പ്രൊജക്ടിലേക്ക് അവസരം ലഭിക്കുക. നിസാറിൽ നിന്നുള്ള ഡാറ്റകൾ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും ഭൂമിക്ക് സുസ്ഥിരഭാവി ഉറപ്പിക്കാനുളള മാർഗനിർദ്ദേശങ്ങൾ നൽകാനുമുളള അവസരമാണ് ഇതിലൂടെ ഗവേഷകർക്ക് ലഭിക്കുകയെന്ന് ഐഎസ്ആർഒ പറഞ്ഞു.
ഉപഗ്രഹ ഡാറ്റ അടിസ്ഥാനമാക്കി വിവിധ മേഖലകളിൽ ആപ്ലിക്കേഷനുകൾക്കായുളള അൽഗോരിതം തയ്യാറാക്കുന്നതുൾപ്പെടെയുളള പ്രൊപ്പോസലുകൾ നൽകാം. ഒക്ടോബർ 31 നുളളിൽ ഇത് സമർപ്പിക്കണം. മാർച്ചിന് ശേഷം അംഗീകരിക്കപ്പെട്ട അപേക്ഷകരുടെ വിവരങ്ങൾ പുറത്തുവിടും.
ഭൂമിയിലെ ആവാസവ്യവസ്ഥ, താപനില, സമുദ്രതീരങ്ങളെ സംബന്ധിച്ച വിവരം, ആഗോള പരിസ്ഥിതി വ്യതിയാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയെക്കുറിച്ചറിയാൻ സഹായിക്കുന്നതാണ് നിസാർ ഉപഗ്രഹം. പ്രകൃതിക്ഷോഭങ്ങളിലും സുനാമി പോലുളള ദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിലും കൃത്യമായ മുന്നറിയിപ്പുകൾ ലഭിക്കും.
ഭൂചലനം സംഭവിക്കുന്നതിന് മുമ്പ്, ഭൂചലനം എവിടെ, എന്തിനാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുള്ള വിവരങ്ങൾ നിസാർ നൽകും. ഭൂമിയിലെ മാറ്റങ്ങളും കൃത്യമായി രേഖപ്പെടുത്തും. കൃഷി, വനസംരക്ഷണം, ജലശാസ്ത്രം, മഞ്ഞുമലകളെക്കുറിച്ചുളള വിവരങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ ഡാറ്റകൾ ശേഖരിക്കാൻ നിസാർ ഉപഗ്രഹം സഹായിക്കും.
Discussion about this post