തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ നിന്നും തിരിമറി നടത്തിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്‌പെൻഡ് ചെയ്തു. സിപിഎം തിരുവഞ്ചൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിലാണ് സിപിഎം നേതാവ് തട്ടിപ്പ് നടത്തിയത്.
വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടേതാണ് നടപടി. ഫണ്ട് വെട്ടിച്ചതായി ആരോപണം ഉയർന്നതിന് പിന്നാലെ ഏരിയ കമ്മിറ്റി രവീന്ദ്രൻ നായർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണമാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കുന്നതിനുമായാണ് പാർട്ടി ഫണ്ട് ശേഖരിച്ചത്. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. ഈ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയാണ് രവീന്ദ്രൻ നായർ തട്ടിയത്. ഇതിന് പിന്നാലെ വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിക്കുകയായിരുന്നു.












