ന്യൂഡൽഹി : ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ വിദ്യാഭ്യാസ നയം (NEP) ആരംഭിച്ചതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ‘അഖില ഭാരതീയ ശിക്ഷാ സമാഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ ആഗോള സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
“ഇപ്പോൾ ലോകം ഇന്ത്യയെ പുതിയ സാധ്യതകളുടെ നഴ്‌സറിയായി ആണ് കാണുന്നത്. പല രാജ്യങ്ങളും അവിടെ ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാമ്പസുകൾ തുറക്കാൻ സർക്കാരിനെ സമീപിക്കുന്നുണ്ട്. ഇപ്പോൾ തന്നെ രണ്ട് രാജ്യങ്ങളിൽ ഐഐടി കാമ്പസുകൾ ആരംഭിക്കാനുള്ള ഏർപ്പാടുകൾ ആയിട്ടുണ്ട്. ഒന്ന് ടാൻസാനിയയിലും മറ്റൊന്ന് അബുദാബിയിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. അതുപോലെ വിവിധ ആഗോള സർവ്വകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഞങ്ങളെ സമീപിക്കുന്നുമുണ്ട്” എന്നാണ് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.
സ്കൂളുകൾ വിദ്യാർത്ഥികളെ ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, ശുദ്ധ ഊർജം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങിൽ പ്രധാനമന്ത്രി പിഎം ശ്രീ സ്കീമിന് കീഴിലുള്ള ഫണ്ടിന്റെ ആദ്യ ഗഡു പ്രകാശനം ചെയ്തു. 12 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വിദ്യാഭ്യാസ, നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
യുവാക്കളെ അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കഴിവിനെക്കാൾ ഉപരിയായി ഭാഷയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഏറ്റവും വലിയ അനീതിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ് NEP ലക്ഷ്യമിടുന്നത്. പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾക്കും ഭാവിയിലെ സാങ്കേതികവിദ്യയ്ക്കും ഈ നയം തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട്.” പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസങ്ങളിലായാണ് അഖില ഭാരതീയ ശിക്ഷാ സമാഗമം നടക്കുന്നത്. ഡൽഹിയിലെ പഴയ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ വെച്ചാണ് സമാഗമം നടത്തുന്നത്.
Discussion about this post