മുംബൈ: മുംബൈയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പൂനെയിൽ അറസ്റ്റ് ചെയ്ത ഭീകരരുടെ പക്കൽനിന്ന് ജൂത കമ്മ്യൂണിറ്റി സെന്ററിന്റെ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം. കൊളാബയിലെ ഛബാദ് ഹൗസിന് കടുത്ത സുരക്ഷയാണ് മുംബൈ പോലീസ് ഇപ്പോൾ ഒരുക്കിയിരുന്നത്. ഛബാദിനെ കൂടാതെ ഭീകരർ മറ്റേതെങ്കിലും ആരാധനാലയം ലക്ഷ്യം വച്ചിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. നഗരത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. സംഘാംഗങ്ങൾ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി മറ്റെവിടെയെങ്കിലും തമ്പടിച്ചിരുന്നോ എന്ന സംശയത്തിലാണ് പരിശോധന.
മഹാരാഷ്ട്ര എടിഎസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂനെയിൽ നിന്ന് മുഹമ്മദ് ഇമ്രാൻ മുഹമ്മദ് യൂനുസ് ഖാനെയും മുഹമ്മദ് യൂനുസ് മുഹമ്മദ് യാക്കൂബ് സാക്കി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു. അന്വേഷണത്തിനിടെ ഭീകരരിൽ നിന്ന് ഛബാദ് ഹൗസിന്റെ രണ്ട് ഗൂഗിൾ ചിത്രങ്ങൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഫോട്ടോകളെക്കുറിച്ച് എടിഎസ് മുംബൈ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് മുംബൈ പോലീസിന്റെ സൗത്ത് റീജിയൻ ചബാദ് ഹൗസിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കുകയും ചെയ്യുകയായിരുന്നു. 26/11 ഭീകരാക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു ചബാദ് ഹൗസ്. അന്നുമുതൽ, 24/7 പോലീസ് സാന്നിധ്യത്തിൽ അതീവ സുരക്ഷാ ക്രമീകരണം ഉണ്ടായിരുന്നു.
മുംബൈയിലെ ഒരു പ്രധാന ജൂത സാംസ്‌കാരിക കേന്ദ്രമാണ് ചബാദ് ഹൗസ്. ആത്മീയ നേതാവായ റാബിയും ഭാര്യയും പ്രാദേശിക ജൂത സമൂഹത്തിനും വിനോദസഞ്ചാരികൾക്കുമായി ഇവിടെ വിവിധ സാംസ്‌കാരിക പരിപാടികളും പ്രവർത്തനങ്ങളും സേവനങ്ങളും സംഘടിപ്പിക്കുന്നു. ഈ കേന്ദ്രം പഠനത്തിനും ജൂതമതം നിരീക്ഷിക്കാനുള്ള സ്ഥലമായും കണക്കാക്കുന്നു.
Discussion about this post